റാന്നി: അത്തിക്കയം കേന്ദ്രീകരിച്ചുള്ള ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് പ്ലാന്റേഷന്റെ ബൈ പ്രോഡക്ടായി ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറങ്ങുന്നു. ജാം, സ്ക്വാഷ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവ അടക്കം വിവിധ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയായാണ് ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലിറക്കാനുള്ള ആദ്യ ഘട്ടം പൂർത്തിയാക്കിയത്. പ്രകൃതിദത്ത ചേരുവകളിൽ ഗുണ സമൃദ്ധവും ഏറെ രുചികരവുമായ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്ത് ഉപയോക്താക്കളുടെ കൈകളിലെത്തിക്കുന്നതിലൂടെ ഫാം ടു ഹോം എന്ന സന്ദേശമാണ് ലക്ഷ്യമിടുന്നത്.
ഏറെ മധുരമുള്ള ഡ്രാഗണ്‍ പഴം വൈറ്റമിന്റെയും നാരുകളുടെയും കലവറയാണ്. ഇത് ദഹന പ്രക്രിയയെ സഹായിക്കും. സ്വാഭാവിക കളറിൽതന്നെ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കൃത്രിമ കളറോ മറ്റോ ചേർക്കപ്പെടുന്നില്ല. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും അത്യുത്തമം. വെള്ളായണി കാർഷിക കോളജിന്റെ സഹകരണത്തോടെയാണ് പ്രോജക്ടിന്റെ തുടക്കമെങ്കിലും പ്ലാന്റേഷനോടു ചേർന്നു തന്നെ ഭാവിയിൽ വിവിധ തരം പ്രോഡക്ടുകൾ ഉത്പാദിപ്പിച്ച് മാർക്കറ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ജെജെ ഗാർഡൻ ഡയറക്ടർ കെ.എസ്. ജോസഫ് പറഞ്ഞു. ജെജെ ഗാർഡൻ പ്ലാന്റേഷന്റെ വിപുലീകരണത്തോടൊപ്പം വിവിധയിടങ്ങളിൽ ആവശ്യക്കാർക്ക് ഏക്കർകണക്കിന് തോട്ടങ്ങൾ പ്ലാന്റ് ചെയ്തു നൽകി വരുന്നുണ്ട്. മതിയായ ബിസിനസ് സർവീസും ഇവർ ലഭ്യമാക്കുന്നു.